Kerala
തൃശൂർ: വാഹനാപകടത്തിൽ നട്ടെല്ലിനു ക്ഷതമേറ്റ യുവാവിനു 95 ലക്ഷം രൂപ നഷ്ടപരിഹാരം. വിയ്യൂർ പെട്രോൾപന്പിനു സമീപം കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ നട്ടെല്ലിനു ഗുരുതര പരിക്കേറ്റ സെബിൻ സണ്ണിക്കാണ് നാഷണൽ ഇൻഷുറൻസ് കന്പനി നഷ്ടപരിഹാരം നൽകിയത്.
ഇലക്ട്രോണിക്സിൽ ഡിപ്ലോമ നേടിയ ആളാണ് സെബിൻ. തൃശൂർ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സംഘടിപ്പിച്ച ലോക് അദാലത്തിലാണ് കേസ് ഒത്തുതീർപ്പായത്.
ജില്ലാ കോടതി അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി.പി. സൈതലവി ചെക്ക് കൈമാറി.
ഡിഎൽഎസ്എ സെക്രട്ടറി ഇൻചാർജ് ടി.കെ. മമതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എംഎസിടി ജഡ്ജി രവിചന്ദർ, ഇൻഷുറൻസ് കന്പനി ചീഫ് ബിസിനസ് ഓഫീസർ വിനീശൻ വിജയൻ, ഹബ് ഇൻ ചാർജ് സുനിത ആൻ തോമസ്, ഡെപ്യൂട്ടി മാനേജർ ടി.എസ്.സാബു, അഡ്വ. പി.ബി. ജയശ്രീ, ഹർജി ഭാഗം അഡ്വ. ടി.എസ്. ജോഷി, അഡ്വ. മറിയാമ്മ കെ. ഇട്ടൂപ്പ്, അഡ്വ. സീബ മാത്യൂസ് എന്നിവർ പങ്കെടുത്തു.
Kerala
തിരുവനതപുരം: തിരുവനന്തപുരത്ത് യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി അപകടം. നന്ദിയോട് സ്വദേശി നിഖിലിന് ആണ് അപകടത്തിൽ പരിക്കേറ്റത്. പാലോട് ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയ്ക്ക് ആയിരുന്നു അപകടം സംഭവിച്ചത്.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നിഖിൽ. ഈ സമയം മുന്നിലുണ്ടായിരുന്ന പോലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിഖിൽ അപകടം ഒഴിവാക്കാനായി ബൈക്ക് വെട്ടിച്ചുമാറ്റി. ഇതോടെ നിഖിലിന്റെ ബൈക്ക് എതിർദിശയിൽ വന്ന ബസിനടിയിലേക്ക് മറിയുകയായിരുന്നു.
കെഎസ്ആർടിസി ബസിന്റെ മുൻചക്രം നിഖിലിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. നിഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Kerala
കൊല്ലം: കൊട്ടാരക്കരയിൽ എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്കിന് തീപിടിച്ചു. ഇതേ തുടർന്ന് പൊള്ളലേറ്റാണ് ഒരാൾ മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൊട്ടാരക്കര - കൊല്ലം റോഡിൽ താമരശേരി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.
ആളൊഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഒരു വാഹനത്തിന് തീപിടിച്ചതോടെ സാഹചര്യം ഗുരുതരമായി. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് അമ്മയും മക്കളും സഞ്ചരിച്ച ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് അമ്മ മരിച്ചു. അരുവിക്കര സ്വദേശി ഹസീന (40)ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്.
മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. മക്കളായ ഷംന, റംസാന എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു. ഹസീന സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
ഹസീനയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
കോട്ടയം: തിരുവല്ല മുത്തൂരിൽ എംസി റോഡിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 1.30 ഓടെ ആയിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ബസിലുണ്ടായിരുന്ന 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരെ തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെൺപാലയിൽ നിന്നും പോയ ടൂറിസ്റ്റ് ബസും മിക്സർ ട്രക്കും നേർക്കുനേർ ഇടിച്ചതായാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു.
തുടർന്ന് അഗ്നിശമന യൂണിറ്റും പോലീസും നാട്ടുകാരും ചേർന്ന് ട്രക്ക് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ട്രക്ക് ഡ്രൈവർ ഉൾപ്പെടെ നാല് പേരുടെ നില നില ഗുരുതരമാണെന്നാണ് വിവരം. അപകട കാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷൻ. കിളിമാനൂര്‍ എസ്എച്ച്ഒ ഡി. ജയൻ, എസ്ഐമാരായ അരുണ്‍, ഷജീം എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടം ഉണ്ടായ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ച വാഹനമോടിച്ച പ്രതി വിഷ്ണുവിനെ വിട്ടയച്ചതും ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ.
നോട്ടീസ് നൽകി വിഷ്ണുവിനെ വിട്ടയച്ചതിനാലാണ് ഒളിവിൽ പോയതെന്നുമാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം റേഞ്ച് ഐജിയാണ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
അതേസമയം, കിളിമാനൂർ വാഹനാപകടത്തിൽ മുഖ്യപ്രതിയായ വിഷ്ണുവിന്റെ സുഹൃത്ത് അറസ്റ്റിലായി. വിഷ്ണുവിനെ രക്ഷപ്പെടാൻ സഹായിച്ച ആദർശ് (29) ആണ് പിടിയിലായത്.
കഴിഞ്ഞ മൂന്നിന് വൈകുന്നേരം സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതേവഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വച്ച് രജിത്തും മരിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
Kerala
പാലക്കാട് : പാലക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മണ്ണാർക്കാട് കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി ബിബിത് ആണ് (30) മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് ഭാഗത്ത് വച്ചായിരുന്നു അപകടം.
രാത്രി 10:45ഓടെ കാഞ്ഞിക്കുളം വളവിലായിരുന്നു ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. മറ്റൊരാളെ മെഡിക്കൽ കോളജിലേക്ക് മാറ്റും.
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി സുജിത്തിനാണ് ഗുരുതര പരിക്കേറ്റത്.
Kerala
പാലക്കാട്: പാലക്കാട് സംസ്ഥാന പാതയിൽ ബൈക്കിൽ ലോറി തട്ടിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരം തിരുവാഴിയോട് പരാവൂർ അഞ്ചിലത്ത് സുരേഷ് (40) ആണ് മരിച്ചത്.
വൈകുന്നേരം ഏഴോടെ ആയിരുന്നു അപകടം നടന്നത്. മുണ്ടൂർ - തൂതപാതയിൽ തിരുവഴിയോട് വച്ചായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു സുരേഷ്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടുകയായിരുന്നു.
അപകടത്തെ തുടർന്ന് നിലത്ത് വീണ സുരേഷിന്റെ ദേഹത്ത് ലോറിയുടെ ടയർ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് തന്നെ സുരേഷ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
District News
പാലക്കാട്: ജോലികഴിഞ്ഞു ഭർത്താവിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന കെഎസ്എഫ്ഇ ഉദ്യോഗസ്ഥ വാഹനാപകടത്തിൽ മരിച്ചു. ഭർത്താവിനു പരിക്കേറ്റു. കെഎസ്എഫ്ഇ പാലക്കാട് ടൗണ്‍ ബ്രാഞ്ചിലെ അസി. മാനേജർ കരിങ്കരപ്പുള്ളി കാരക്കാട് ലാൻഡ് ലിങ്ക്സ് ഗാർഡൻ അഹലം വീട്ടിൽ കെ. ഷെഹ്ന(37)യാണ് മരിച്ചത്. ഭർത്താവ് തൊഴിൽവകുപ്പിലെ ഉദ്യോഗസ്ഥനായ അബ്ദുൾ ജലീലിനു പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം ആറിന് ചന്ദ്രനഗറിലാണ് അപകടം. ബൈക്ക് റോഡരികിലെ മണലിലൂടെ കയറിയതിനെതുടർന്ന് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. റോഡിലേക്കുവീണ ഷെഹ്നയുടെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു.
കാലിനും കൈക്കും പരിക്കേറ്റ അബ്ദുൾ ജലീൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കസബ പോലീസും ഹൈവേ പോലീസും കഞ്ചിക്കോട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
മക്കൾ: അൽഹാൻ, അഹിയാൻ. പാലക്കാട് ട്രാഫിക് പോലീസ് എഎസ്ഐ മെഹ്റുബാനുവിന്റെയും കരീമിന്റെയും മകളാണ് ഷെഹ്ന. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും.
Kerala
അമ്പലപ്പുഴ: മില്‍മ പാല്‍വിതരണ വാഹനത്തിന്റെ ഡോര്‍ തുറന്നു റോഡിൽ
തെറിച്ചു വീണു പരിക്കേറ്റ തൊഴിലാളി മരിച്ചു. അമ്പലപ്പുഴ വടക്ക് 17 ആം വാര്‍ഡില്‍ വളഞ്ഞവഴി പടിഞ്ഞാറ് കാക്കാഴം വെള്ളംതെങ്ങ് പുഷ്പരാജ് -പ്രിയംവദ ഭമ്പതികളുടെ മകന് ഉഷസ്(30) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 ഓടെ കാക്കാഴം മേല്‍പ്പാലത്തിലായിരുന്നു അപകടം. മേല്‍പ്പാലത്തിനു മുമ്പുള്ള കടയില്‍ പാലിറക്കിയ ശേഷം വാഹനത്തിന്റെ മുന്‍സീറ്റില്‍ കയറി തെക്ക് ഭാഗത്തേക്കു പോകുന്നതിനിടെ പാലത്തിലെ കുഴിയില്‍പെട്ട് വാതില്‍ പെട്ടെന്നു തുറന്നുപോയതോടെ ഉഷസ് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.
തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ ഉഷസിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതനായ ഉല്ലാസ്, ഉണ്ണി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Kerala
പാലക്കാട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. പാലക്കാട് തച്ചനാട്ടുകര നാട്ടുകൽ പൂന്തോട്ടത്തിൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുഹ്സിൻ (18)ആണ് മരിച്ചത്.
ജനുവരി 4ന് ആയിരുന്നു അപകടം നടന്നത്. കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മുഹ്സിൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാത്രി 11.15ഓടെയാണ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചത്. നാട്ടുകൽ ഐഎൻഐസി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു മുഹ്സിൻ.
District News
മങ്കട: സിപിഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ പി.ടി. ഷറഫുദ്ദീന്റെ ഭാര്യയും നിലവിൽ മങ്കട ഗ്രാമപഞ്ചായത്ത് അംഗവുമായ പൂന്തോട്ടത്തിൽ ചക്കുപറന്പിൽ നസീറ (40) വാഹനാപകടത്തിൽ മരിച്ചു.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച നസീറ അടുത്ത ദിവസങ്ങളിലാണ് ഗ്രാമപഞ്ചായത്ത് അംഗമായി അധികാരമേറ്റെടുത്തത്.
ഇന്നലെ വൈകുന്നേരം കടന്നമണ്ണയിൽ ബസ് കാത്തുനിൽക്കുന്പോൾ പിക്കപ്പ് വാഹനം തട്ടിയാണ് ഗുരുതര പരിക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മക്കൾ: ഇബ്ൻഷ, ഇഷ, ഇഹ്സാൻ. പിതാവ്: കുഞ്ഞാലി. മാതാവ്: കുഞ്ഞാത്തു. മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രി മോർച്ചറിയിൽ.
Kerala
ചേര്‍ത്തല: ബൈക്ക് അപകടത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്ക് ദാരുണാന്ത്യം. ചേര്‍ത്തല വാരനാട് കുപ്പക്കാട്ട് രേവതി ഡ്രൈവിംഗ് സ്കൂൾ ഉടമ കെ.കെ. സതീശന് (60) ആണ് മരിച്ചത്. കെഎസ്ഇബി റിട്ട. ഓവര്‍സിയറാണ്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ചേര്‍ത്തല കാളികുളത്തു വച്ച് നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപെട്ട് സതീശന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചു. ഭാര്യ: ഗീത, മക്കള്‍: അഭിരാമി, അനന്തനാരായണന്‍.
NRI
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു കുട്ടികൾ ഉൾപ്പടെ നാലു മലയാളികൾ മരിച്ചു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകളും ചികിത്സയിലാണ്.
അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ദുബായിയിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
District News
പയ്യന്നൂര്‍: കോഴിക്കോട്ട് വാഹനാപകടത്തില്‍ പയ്യന്നൂർ സ്വദേശി മരിച്ചു. തായിനേരി ജുമാ മസ്ജിദിനു സമീപത്തെ മുഹമ്മദ് കുഞ്ഞി-നഫീസ ദന്പതികളുടെ മകന് എം.കെ. മുഹമ്മദ് റിയാസ് (44) ആണ് മരിച്ചത്.
വനിതാ ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന എം.കെ. ഷമീമയുടെ സഹോദരനാണ്. ഭാര്യ: റംസീന (ചേനോത്ത്, വെള്ളൂര്‍). മക്കള്‍: മുഹമ്മദ് റാസി, ഫാത്തിമത്ത് റിസ. മറ്റു സഹോദരങ്ങള്‍: ഷാനവാസ്, സാജിത, ഷമീം.
NRI
റിയാദ്: മലയാളി കുടുംബത്തിലെ നാലുപേർ മദീനയ്ക്ക് സമീപം വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്.
മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിംഗ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട കുടുംബം സഞ്ചരിച്ച ജിഎംസി വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിന്റെ കുടുംബം സന്ദർശന വിസയിലാണ് ഇവിടെയെത്തിയത്. ഉമ്മ മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയത്.
സകുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. മദീന കെഎംസിസി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്സി, റഫീഖ്, മുബാറക്ക് എന്നിവർ തുടർ നടപടികൾ ചെയ്തുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
District News
ചെന്ത്രാപ്പിന്നി: ദേശീയപാതയിൽ ചെന്ത്രാപ്പിന്നി പാലപ്പെട്ടിയിൽ പെട്ടിഓട്ടോ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. പെട്ടിഓട്ടോയിലുണ്ടായിരുന്ന എടമുട്ടം സ്വദേശികളായ സന്തോഷ്, ബാബു, വിപിൻ എന്നിവർക്കാണ് പരിക്ക്.
സന്തോഷിന് ഗുരുതര പരിക്കുണ്ട്. ഇന്നലെ രാത്രി ഏഴരയോടെ സഹറാസ് ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു അപകടം. വടക്ക് ഭാഗത്തുനിന്നും വന്നിരുന്ന പെട്ടി ഓട്ടോ നിയന്ത്രണം തെറ്റി നിർത്തിയിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയ്ക്ക് പിന്നിൽ ഇടിച്ച ലോറി നിർത്താതെ പോയി. ചെന്ത്രാപ്പിന്നി മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
എരുമേലി: ബൈക്ക് നിയന്ത്രണം തെറ്റി പിന്നിൽ വന്ന ശബരിമല തീർഥാടകരുടെ വാഹനത്തിന്റെ അടിയിലേക്ക് വീണുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥി എരുമേലി കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജു (19) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ജെസ്വിനെ 26-ാം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ഇന്നലെ രാവിലെ 5.30ന് എരുമേലിക്കു സമീപമായിരുന്നു അപകടം. മൂവാറ്റുപുഴയിൽ പഠിക്കുന്ന സഹോദരൻ ജേക്കബ് സാജുവിനെ ബസിൽ കയറ്റി വിടാൻ ബൈക്കിൽ വരുമ്പോൾ നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിലൂടെ നടന്നു പോവുകയായിരുന്ന തീർഥാടകരെ തട്ടിയശേഷം പിന്നിൽ വന്ന തീർഥാടക വാഹനത്തിന്റെ അടിയിലേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
ബൈക്കിൽനിന്ന് തെറിച്ചു വീണ ജെസ്വിൻ തീർഥാടക വാഹനത്തിന്റെ അടിയിൽപ്പെട്ട നിലയിലായിരുന്നു. റോഡിന്റെ എതിർ വശത്തേക്ക് തെറിച്ചുവീണ സഹോദരന് കയ്യിൽ മുറിവേറ്റിരുന്നു.
സംസ്കാരം ഇന്ന് മൂന്നിന് കണ്ണിമല സെന്റ് ജോസഫ് പള്ളിയിൽ. ഇന്നലെ മൃതദേഹം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ പൊതുദർശനത്തിന് വച്ചു.
നൂറുകണക്കിനു പേർ അന്തിമോപചാരം അർപ്പിച്ചു. പിതാവ് സാജു കുര്യൻ (ഹെഡ്മാസ്റ്റർ, സെന്റ് ആന്റണീസ് ഹൈസ്കൂൾ, മുണ്ടക്കയം), അമ്മ ഷെറിൻ ആൻസ് ജേക്കബ് (അധ്യാപിക, സെന്റ് തോമസ് സ്കൂൾ, എരുമേലി). സഹോദരങ്ങൾ: ജേക്കബ് സാജു (വിദ്യാർഥി, നിർമല കോളജ്, മൂവാറ്റുപുഴ), ജൂവൽ സാജു (വിദ്യാർഥി, സെന്റ് ആന്റണീസ് ഹൈസ്കൂൾ, മുണ്ടക്കയം).
Kerala
കൊയിലാണ്ടി: വെങ്ങളത്ത് സ്വകാര്യ തമ്മിലിടിച്ച് അപകടം. ദേശീയപാതയിൽ വെങ്ങളം പാലത്തിന് സമീപത്തായി ഇന്ന് വൈകുന്നേരമായിരുന്നു അപകടം നടന്നത്. സ്വകാര്യ ബസുകൾ മത്സരയോട്ടത്തിലായിരുന്നെന്ന് യാത്രക്കാർ ആരോപിച്ചു.
കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസും ഇതേ റൂട്ടിൽ പോകുകയായിരുന്ന കൃതിക ബസുമാണ് ഇടിച്ചത്. കൃതിക ബസിന് പിന്നിൽ ഫാത്തിമാസ് ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഫാത്തിമാസ് ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു. കുട്ടികളടക്കം നിരവധി യാത്രക്കാർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല പരിക്കേറ്റവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
National
മോർബി: ഗുജറാത്തിലെ ദ്വാരകയിലേക്ക് കാൽനടയായി പോയ തീർഥാടകർക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി നാല് പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്.
പരിക്കേറ്റ തീർഥാടകനെ മോർബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാൾ ചികിത്സയിൽ തുടരുകയാണ്. മലിയ ഗ്രാമത്തിനും ജാംനഗറിനും മധ്യേ സംസ്ഥാന പാതയിലായിരുന്നു അപകടം സംഭവിച്ചത്.
ബനസ്കന്ത ജില്ലയിൽ നിന്നുള്ള ദിലീപ് ഭായ് ചൗധരി (28), ഹാർദിക് ചൗധരി (28), ഭഗവാൻഭായ് ചൗധരി (65), അമ്ര ഭായ് ചൗധരി (62) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Kerala
കൊച്ചി: മനയ്ക്ക കടവ് പാലത്തിന് സമീപം ടിപ്പർ ലോറി മരത്തിലിടിച്ച് അപകടം. എതിർ ദിശയിൽ നിയന്ത്രണം വിട്ടെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് ലോറി മരത്തിലിടിച്ച് അപകടമുണ്ടായത്.
കാറിൽ തട്ടിയ ശേഷമാണ് ലോറി മരത്തിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ലോറി ഡ്രൈവർ മനാഫിന് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നിട്ടുണ്ട്. വിവരം അറിഞ്ഞ് ഉടൻതന്നെ തൃക്കാക്കര അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
അപകടത്തെ തുടർന്ന് ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ മനാഫിനെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ച് പുറത്തെടുക്കുകയായിരുന്നു. മനാഫിനെ ഉടൻ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: കോതമംഗലം കാരക്കുന്നത്ത് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് അപകടം. ആലപ്പുഴ സ്വദേശി വിഷ്ണു ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ പരിക്കേറ്റ് ചികിത്സയിലാണ്.
പത്തനംതിട്ട സ്വദേശി ആരോമൽ, തൃശൂർ സ്വദേശി ആദിത്യൻ എന്നിവർക്കാണ് പരിക്കേറ്റത്. പുതുപ്പാടി യൽദോ മാർ ബസേലിയോസ് കോളേജ് ബിസിഎ മൂന്നാം വർഷ വിദ്യാർത്ഥികളാണ് മൂവരും.
Kerala
തിരുവനന്തപുരം: ഉഴമലയ്ക്കലിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. പറണ്ടോട് പുറത്തിപ്പാറ വിഭഭവനിൽ വിജയകുമാറിന്റെയും ദീപയുടെയും മകൻ വിധു (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്.
വിധുവും സുഹൃത്ത് മിഥുനും മുടിവെട്ടാൻ പോയി തിരികെ വരുമ്പോൾ കാരനാട് ജംഗ്ഷന് സമീപം വളവിൽ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. റോഡരികിലെ പുല്ലിലേക്ക് കയറിയാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു.
ഇതുവഴി കടന്നുപോയ മറ്റൊരു യാത്രക്കാരനാണ് അപകടത്തിൽ പരിക്കേറ്റ് കിടന്ന യുവാക്കളെ കാണുന്നത്. തുടർന്ന് നാട്ടുകാരെ വിളിച്ചുചേർത്ത് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും വിധുവിന്റെ ജീവൻ രക്ഷിക്കാനായില്ല. മിഥുൻ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ തുടരുന്നു.
National
ഗോഹട്ടി: അരുണാചൽപ്രദേശിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചതായി റിപ്പോർട്ട്. തൊഴിലാളികളുമായി ആസാമിൽ നിന്ന് അരുണാചൽപ്രദേശിലേക്ക് പോയ ലോറിയാണ് അപകടത്തിൽപെട്ടത്.
ഡിസംബർ 8ന് രാത്രിയിൽ ചൈന അതിർത്തിക്കടുത്തുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടം സംഭവിച്ചത്. എന്നാൽ പ്രദേശത്തെ മൊബൈൽ നെറ്റ്വർക്കിന്റെ അഭാവം മോശം കാലാവസ്ഥ എന്നീ കാരണങ്ങളാൽ അപകട വിവരം പുറത്തറിഞ്ഞത് ബുധനാഴ്ച വൈകുന്നേരം ആയിരുന്നു.
അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രദേശത്ത് മൃതദേഹങ്ങൾ കണ്ടെടുക്കുന്നു. 1,000 അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. പ്രദേശത്ത് പരിശോധന തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
മലപ്പുറം: മാനത്തുമംഗലത്ത് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം. വലമ്പൂര്‍ പൂപ്പലം പാറക്കല്‍ വീട്ടില്‍ പി.കെ. സുജാതയാണ് (49) മരിച്ചത്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ നഴ്സായിരുന്നു സുജാത.
ബുധനാഴ്ച രാവിലെ 7.50ന് ആയിരുന്നു പെരിന്തല്‍മണ്ണ-ഊട്ടി റോഡില്‍ മാനത്തുമംഗലത്ത് അപകടം നടന്നത്. ചരക്കുകയറ്റിയെത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
സുജാതയെ സമീപത്തെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍: ദേവി ഗിരിജ, സഹസ്രനാഥന്‍.
Kerala
കൊല്ലം: അഞ്ചലിൽ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മരിച്ച മൂന്ന് പേരും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരാണ്.
Kerala
മുക്കൂട്ടുതറ: ശബരിമല പാതയില്‍ മുക്കൂട്ടുതറ-ഇടകടത്തി പമ്പാവാലി റോഡില്‍ ഉമിക്കുപ്പയില്‍ തീര്‍ഥാടകരുടെ കാര്‍ വീട്ടുമുറ്റത്തേക്കു മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന തൃശൂര്‍ മാള സ്വദേശികളായ നാലു അയ്യപ്പ തീര്‍ഥാടകര്‍ക്കു പരിക്കേറ്റു.
ഇന്നു പുലര്‍ച്ചെ 5.40 നായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നു സ്ഥലത്ത് എത്തി വാഹനം പരിശോധിച്ച മോട്ടോര്‍ വാഹനവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശബരിമല ദര്‍ശനത്തിനു പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
Kerala
നെടുമങ്ങാട്: എൽഐസി ജംഗ്ഷനിൽ നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റ് തകർത്തു. ശനിയാഴ്ച രാത്രി 10ന് ആയിരുന്നു അപകടം നടന്നത്. സംഭവത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നെടുമങ്ങാട് ടൗണിൽ നിന്ന് എൽഐസി ഓഫിസ് ജംഗ്ഷനിലേക്ക് വന്ന ബസാണ് അപകടത്തിൽപെട്ടത്. കക്കാപ്പുര സ്വദേശി ഗണപതിയുടെ വീടിന്റെ മതിലും കിണറും തകർത്താണ് ബസ് നിന്നത്. നിറുത്തിയിട്ടിരുന്ന രണ്ട് കാറുകളിൽ ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റും തകർത്തു.
വൈദ്യുതി പോസ്റ്റ് തകർന്നതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടു. ബസ് കഴുകിയ ശേഷം കൊണ്ടുവരുന്നതിനിടെയാണ് അപകടം. അപകടത്തിന് പിന്നാലെ ഡ്രൈവറും ക്ലീനറും ഇറങ്ങി ഓടിയതായി പോലീസ് അറിയിച്ചു.
Kerala
ഇടുക്കി: കാറിടിച്ച് ലോട്ടറി കച്ചവടക്കാരന് ദാരുണാന്ത്യം. പാലാ- തൊടുപുഴ റോഡിൽ പിഴകിലാണ് അപകടം നടന്നത്. ബംഗളാംകുന്ന് സ്വദേശി ജോസ് കെ.വി (60) ആണ് അപകടത്തിൽ മരിച്ചത്. ജോസ് റോഡ് മുറിച്ച് കടക്കുന്നതിനിടെ ആയിരുന്നു അപകടം.
നിയന്ത്രണംവിട്ട കാർ ജോസ് റോഡ് മുറിച്ച് കടക്കുന്നതിനിടെ വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
കുട്ടിക്കാനം: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്. കൊട്ടാരക്കര-ഡിണ്ടുഗൽ ദേശീയപാതയിൽ കുട്ടിക്കാനത്തിനും വളഞ്ഞങ്ങാനത്തിനുമിടയിൽ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് അപകടത്തിൽപെട്ടത്.
അപകടത്തിന് പിന്നാലെ ഇതുവഴി കടന്നുപോയ യാത്രക്കാരും ഹൈവേ പോലീസും, മോട്ടോർ വാഹന വകുപ്പും, പീരുമേട് ഫയർഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തമിഴ്നാട് ഡിണ്ടുഗലിൽ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന അയ്യപ്പ ഭക്തരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
കണ്ണൂർ: താവുകുന്നിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞ് ഛത്തീസ്ഗഢ് സ്വദേശിക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢ് സ്വദേശി നന്ദുലാൽ (22) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഉച്ചയ്ക്ക് 12.30ന് ആയിരുന്നു അപകടം സംഭവിച്ചത്. ലോറിയുടെ കാബിനിലും പിന്നിലുമായി എട്ട് പേരുണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപത്തെ തോട്ടിലേക്ക് മറിഞ്ഞതോടെ നന്ദുലാൽ ലോറിക്ക് അടിയിൽ പെടുകയായിരുന്നു.
കുഴൽക്കിണറിന്റെ പണി കഴിഞ്ഞ് വരികയായിരുന്ന തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തൊഴിലാളികളെ പുറത്തെത്തിക്കാനായത്.
National
ചെന്നൈ: തൂത്തുക്കുടിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. ന്യൂ പോർട്ട് ബീച്ച് റോഡിലാണ് അപകടമുണ്ടായത്.
തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സഞ്ചരിച്ച കാർ, കനത്ത മഴയെത്തുടർന്നു നിയന്ത്രണം വിട്ടു റോഡിരികിലെ മരത്തിൽ ഇടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
ഹൗസ് സർജൻമാരായ സരൂപൻ (23), രാഹുൽ (23) എന്നിവർ സംഭവ സ്ഥലത്തും മുകിലൻ (23) ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയും മരിച്ചു. ശരൺ, കൃതിക് കുമാർ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ തൂത്തുക്കുടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൂത്തുക്കുടി പോലീസ് പറഞ്ഞു.
Kerala
തൃശൂർ: തൃശൂർ കൊടകരയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച പുലർച്ചെ 2.45ന് ആയിരുന്നു അപകടം നടന്നത്. അപകടത്തിൽ സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസ് എറണാകുളത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്നു.
District News
കുമളി: മധ്യപ്രദേശിൽനിന്നുള്ള ദന്പതികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ചിച്ച ഇരുചക്രവാഹനം തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. ഭർത്താവിനു ഗുരുതരമായി പരിക്കേറ്റു. ഉത്തമപാളയത്തിന് സമീപമുണ്ടായ അപകടത്തിൽ ഭോപ്പാൽ സ്വദേശിനി പ്രിയങ്ക (38) ആണ് മരിച്ചത്.
ഭർത്താവ് കപിൽ 39 നാണ് പരിക്കേറ്റത്. ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ തേനിയിൽനിന്ന് കുമളിയിലേക്ക് വരുന്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണംതെറ്റിയ ഇവരുടെ വാഹനം ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കപിലിനെ ഉത്തമപാളയം സർക്കാർ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ട്രാക്ടർ ഓടിച്ചിരുന്ന നാരായണതേവൻ പട്ടിയിലെ സുരുളിസാമിയെ പോലീസ് അറസ്റ്റ് ചെയ്തു.
Kerala
സുൽത്താൻ ബത്തേരി: വയനാട് സ്വദേശിയായ മെഡിക്കൽ വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു.
കൊളഗപ്പാറ റോക്ക് വാലി ഹൗസിംഗ് കോളനിയിലെ അച്ചാരുകുടിയിൽ റോയി കുര്യാക്കോസ്- മേഴ്സി ദന്പതികളുടെ മകൻ ഡോണ്‍ റോയിയാണ് (23) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ബംഗളൂരുവിനും മൈസൂരുവിനും ഇടയിലെ ബേലൂരിൽ ഡോണ്‍ സഞ്ചരിച്ച ബൈക്കിൽ ലോറി തട്ടിയാണ് അപകടം.
ബേലൂരിൽ ഡി ഫാം അവസാന വർഷ വിദ്യാർഥിയായ ഡോണ്‍ താമസസ്ഥലത്തേക്ക് പോകുകയായിരുന്നു. കോളജിൽ അവസാനവർഷ വിദ്യാർഥികളുടെ സംഗമം വെള്ളിയാഴ്ചയാണ് നടന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലെത്തിച്ച മൃതദേഹം അസംപ്ഷൻ ഫൊറോന പള്ളിയിൽ സംസ്കരിച്ചു. സഹോദരൻ: ഡിയോണ്‍ റോയി.
District News
സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ കൊളഗപ്പാറ-അന്പലവയൽ റോഡ് ജംഗ്ഷനിൽ വാഹനാപകടങ്ങൾ ആവർത്തിക്കുന്നത് തടയാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ജില്ലാ ഘടകം ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫാരിസ് സൈൻ, ജനറൽ സെക്രട്ടറി സജി മണ്ഡലത്തിൽ, സീത വിജയൻ, ടി.ടി. സുലൈമാൻ, പി.സി. അസൈനാർ, രാധ രവീന്ദ്രൻ, സി.പി. ശാലിനി, ഗിരീഷ് മീനങ്ങാടി, പോൾ ആലുങ്കൽ, കെ.പി. ഗീത, പി.കെ. സിസിലി, പ്രസന്ന കൃഷ്ണൻ, ടി.പി. റോഷ്മില്ല, എം.എസ്. ജെസിൻ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നൽകിയത്.
അനുവാദം ലഭിച്ചാൽ റോഡിൽ സ്പോണ്‍സർഷിപ്പിലൂടെ സ്പീഡ് ബ്രേക്കർ സ്ഥാപിക്കാൻ ഒരുക്കമാണെന്ന് റാഫ് ഭാരവാഹികൾ കളക്ടറെ അറിയിച്ചു.
NRI
റോം: തെക്കൻ ഇറ്റലിയിലെ മറ്റേര നഗരത്തിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു. റോമിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. മനോജ്കുമാർ, സുർജിത് സിംഗ്, ഹർവീന്ദർ സിംഗ്, ജസ്കരൻ സിംഗ് എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റി. ട്രക്കിന്റെ ഡ്രൈവർക്കു പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവം അന്വേഷിക്കാൻ മറ്റേര പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് തീരുമാനിച്ചിട്ടുണ്ട്.
NRI
റോം: ഇറ്റലിയിൽ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾ മരിച്ചു. നാഗ്പുർ സ്വദേശികളായ ജാവേദ് അക്തറും ഭാര്യ നാദിറ ഗുൽഷനുമാണ് മരിച്ചത്. മക്കളായ അർസു, ഷിഫ, ജാസൽ എന്നിവർക്ക് പരിക്കേറ്റു.
അർസുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ ഗ്രോസെത്തോയിൽ വച്ചാണ് അപകടമുണ്ടായത്.
ഇന്ത്യൻ കുടുംബം സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവറും അപകടത്തിൽ മരിച്ചു.
NRI
ബംഗളൂരു: നന്ദിനി ലേയൗട്ടിൽ സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കൽപന (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൽപനയുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇരുവരും ജോലിസ്ഥലത്തേക്കുള്ള പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞുവീണു. റോഡിൽ വീണ കൽപനയുടെ ദേഹത്തിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൽപന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മഹാലക്ഷ്മി ലേഔട്ടിലെ താമസക്കാരിയായ കൽപന പീന്യയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ലോറി ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി.
NRI
അബുദാബി: 2023 ജൂലൈ ആറിന് അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച മലപ്പുറം രണ്ടത്താണി കല്പകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്ത് മൊയ്തീന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നാല് ലക്ഷം ദിർഹം(ഏകദേശം 95.4 ലക്ഷം ഇന്ത്യൻ രൂപ) ലഭിച്ചു.
യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരിയാണ് തുക നേടിയെടുക്കാൻ സഹായിച്ചത്. അൽ ബതീൻ-അൽ ഖലീജ് അൽ അറബി സ്ട്രീറ്റിലാണ് അപകടം നടന്നത്.
ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച മുസ്തഫയെ ഇമാറാത്തി സ്വദേശി ഓടിച്ച കാറിടിക്കുകയായിരുന്നു. ശ്രദ്ധയില്ലാതെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് ഫാൽക്കൺ ഐ കാമറ ദൃശ്യങ്ങളിൽ നിന്നും അന്വേഷണത്തിൽ നിന്നും വ്യക്തമായി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുസ്തഫ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇതേത്തുടർന്ന്, അശ്രദ്ധമായി വാഹനമോടിച്ച കാർ ഡ്രൈവർക്ക് അബുദാബി ക്രിമിനൽ കോടതി 20,000 ദിർഹം പിഴയും മുസ്തഫയുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിർഹം ദയാധനം(ബ്ലഡ് മണി) നൽകാനും വിധിച്ചു.
ലഭിച്ച തുക അപര്യാപ്തമാണെന്ന് കാണിച്ച് യാബ് ലീഗല്‍ സര്‍വീസസ് ദയാധനത്തിന് പുറമെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇന്‍ഷുറന്‍സ് അതോറിറ്റിയില്‍ നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്തു.
ലീഗൽ ഹെയേഴ്സ് സർട്ടിഫിക്കറ്റ്, ബ്രെഡ് വിന്നർ സർട്ടിഫിക്കറ്റ്, ക്രിമിനൽ കേസ് വിധി തുടങ്ങിയ രേഖകൾ സമർപ്പിച്ച് നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ദയാധനത്തിന് പുറമെ രണ്ടു ലക്ഷം ദിർഹം കൂടി ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
ഇതോടെ കുടുംബത്തിന് ആകെ നാലു ലക്ഷം ദിർഹം ലഭിച്ചു. ഉമ്മയും ഭാര്യയും മകനും മകളും അടങ്ങുന്നതാണ് മുസ്തഫയുടെ കുടുംബം.